ഒപ്പം നടന്ന് പിണറായിയും മുതിർന്ന നേതാക്കളും,പയ്യാമ്പലത്തേക്ക് ജനസാ​ഗരം

0

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, വിജയരാഘവൻ അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രക്ക് ഒപ്പം നടന്ന് നീങ്ങുകയാണ്.
ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്.. കോടിയേരിയുടെ കുടുംബം സംസ്കാരം നടക്കുന്ന പയ്യാമ്പലത്തെത്തിയിട്ടുണ്ട്.മന്ത്രിമാരും പ്രതിപക്ഷ നിരയിലെ നേതാക്കളും അടക്കം നിരവധിപ്പേർ കണ്ണൂരിലെത്തി കോടിയേരിയെ ഒരുനോക്ക് കണ്ടു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അന്തിമോപചാരം അർപ്പിച്ചു.ആയിരങ്ങളാണ് രണ്ട് ദിവസമായി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഇന്നലെ എട്ട് മണിക്കൂറോളം തലശ്ശേരി ടൌൺ ഹാളിലും പിന്നീട് കുടുംബ വീട്ടിലും ഇന്ന് രാവിലെ മുതൽ കണ്ണൂർ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here