ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊന്ന് സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് (ജെജെബി) ശനിയാഴ്ച പരിഗണിക്കും. കേസിൽ അന്വേഷണവും കുറ്റാരോപിതരുടെ മൊഴിയെടുക്കലും തെളിവെടുപ്പും പൂർത്തിയായതിനാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തേക്കില്ല.
കഴിഞ്ഞ ദിവസം മായിത്തറയിലെ സംരക്ഷിതകേന്ദ്രത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസറുടെയും സൈക്കോളജിസ്റ്റ് ഉൾപ്പെടെ വിദഗ്ധരുടെയും സാന്നിധ്യത്തിൽ കുറ്റാരോപിതയായ പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. 7.45 മണിക്കൂറെടുത്ത് വിശദമായാണ് പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ തേടിയത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഭിഭാഷകനാണ് പെൺകുട്ടിക്കായി ഹാജരാകുന്നത്.
ജാമ്യക്കാരായി വീട്ടുകാരെത്തിയില്ലെങ്കിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലെ സംരക്ഷണകേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റും. അന്വേഷണം പൂർത്തിയായതിനാൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും.
ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിക്കുന്നതിനൊപ്പം 16, 17 വയസുകാരായ ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് കേസ് കോടതിയിലേക്ക് മാറ്റുന്നതിനും അപേക്ഷ നൽകും. 16ന് മുകളിൽ പ്രായമുള്ള മൂന്ന് ആൺകുട്ടികളുടെയും കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ അപേക്ഷനൽകുക. കേസിൽ കുറ്റാരോപിതരായ ആൺകുട്ടികൾ ജാമ്യം അനുവദിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങിയിരുന്നു. വീട്ടുകാരുടെ ഉത്തരവാദിത്വത്തിലാണ് തിങ്കളാഴ്ച ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
