സൂര്യ കേന്ദ്ര കഥാപാത്രമായ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് ഇപ്പോൾ വിമർശനമുയർന്നിരിക്കുന്നത്.

ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ പ്രകാശ് രാജ് തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ ഹിന്ദി വിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ ആക്രമിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും ട്വിറ്ററില്‍ പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.അങ്ങനെയെങ്കിൽ സിനിമകളിൽ ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ സംസാരിച്ചതിന് എത്ര കന്നഡക്കാർ നിങ്ങളെ തല്ലണം എന്നും ട്വിറ്ററിൽ ചോദ്യമുയരുന്നു.

തമിഴ് ,തെലുങ്ക് പതിപ്പുകളില്‍ മാത്രമാണ് ഹിന്ദിയില്‍ സംസാരിക്കുന്ന വ്യക്തിയെ തല്ലി തെലുങ്കിലും തമിഴിലും സംസാരിക്കാന്‍ പറയുന്നത്. എന്നാല്‍ ഹിന്ദി പതിപ്പില്‍ തല്ലിയ ശേഷം സത്യം പറയു എന്നാണ് പറയുന്നത്. അതേസമയം സിനിമയിലെ രംഗത്തിന്റെ പേരില്‍ പ്രകാശ് രാജിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ പേരില്‍ താരത്തിനെ എന്തിനാണ് വിമര്‍ശിക്കുന്നത് എന്നാണ് ഇവരുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *