കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന അച്ഛന്റെയും മകളുടെയും പരാതിയില്‍ കൽപറ്റ എസ്ഐക്ക് സസ്‌പെന്‍ഷന്‍. വയനാട് കല്പറ്റ എസ്.ഐ. അബ്ദുല്‍ സമദിനെതിരെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവദൂഷ്യത്തിനും നടപടി സ്വീകരിച്ചിരിക്കുന്നത്.എടച്ചേരി എസ്.ഐ ആയിരുന്ന സമയത്ത് ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയ യുവതിയുമായി എസ്.ഐ. അബ്ദുല്‍ സമദ് ബന്ധം സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഈ സ്ത്രീയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചതായും യുവതിയുടെ ഭര്‍ത്താവും മകളും നല്‍കിയ പരാതിയിലുണ്ട്.ഇരുവരുടെയും ബന്ധം ചോദ്യം ചെയ്താൽ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഭര്‍ത്താവ് റൂറൽ എസ്പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തുടര്‍ന്ന് അന്വേഷണ വിധേയമായി കൽപറ്റയിലേക്ക് അബ്ദുല്‍ സമദിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ വീണ്ടും ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ ഭര്‍ത്താവും കുട്ടികളും കണ്ണൂർ റേഞ്ച് ഐജിയ്ക്ക് പരാതി നൽകി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.ഡിഐജി രാഹുൽ ആർ നായർ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *