തിരുവനന്തപുരം: ഡല്‍ഹിയിലെ ഇന്ത്യാസഖ്യത്തിന്റെ സമരത്തില്‍ മുസ്ലീം ലീഗിന് പ്രാധാന്യം നല്‍കിയില്ലെന്ന പരാതിയില്‍ പങ്കുചേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കളും. രാംലീല മൈതാനിയിലെ യോഗത്തില്‍ ലീഗ് പ്രതിനിധിയെ സംസാരിക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിച്ചില്ലെന്നാണ് പരാതി. ഹൈക്കമാന്‍ഡിനെതിരായ ലീഗിന്റെ പരാതിയെ കെ.പി.നൗഷാദ് അലി എംഎല്‍എയും അനുകൂലിച്ചു.

ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ണറാണ് മുസ്ലിംലീഗെന്നും മുന്നണി രാഷ്ട്രീയത്തെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത 1969 മുതല്‍ ലീഗ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണെന്നും നൗഷാദ് അലി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സീറ്റുകളിലെ പ്രധാനപ്പെട്ട വയനാടില്‍ കോണ്‍ഗ്രസിനോളം തലപ്പൊക്കം ലീഗിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ക്ഷാമ – ക്ഷേമ ഭേദമന്യെ ആ പ്രവാഹം പ്രതാപത്തോടെ തന്നെ തുടരുമെന്നും വ്യക്തമാക്കി.

റാലിയില്‍ ലീഗ് പ്രതിനിധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല, രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ ലീഗ് പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല എന്നതാണ് പരാതിക്കിടയാക്കിയത്. പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ലീഗ് സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി മൂലമാണ് ഒഴിവാക്കിയത് എന്നാണ് അണിയറ സംസാരം. എന്നാല്‍ പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *