ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതം കൂട്ടിയത് ഓവര്‍ലോഡ് ആണെന്ന് ആലപ്പുഴ ആര്‍ടിഒ മാധ്യമങ്ങളോട്. വീല്‍ ലോക്കായിരുന്നു. വണ്ടി സ്‌കിഡ് ആയതുകൊണ്ടാണ് ഡ്രൈവര്‍ സേഫായത്. സ്‌കിഡാവാന്‍ മഴ ഒരു പ്രധാന ഘടകമായി. വണ്ടി ഓടിച്ചയാളുടെ ലൈസന്‍സ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വണ്ടി ആരുടേതാണ് എന്നതുള്‍പ്പെടെ പരിശോധിക്കും.
ഇന്‍ഷുറന്‍സ് ഉണ്ട്. 14 വര്‍ഷം പഴക്കമുള്ള വണ്ടിയാണ്. 5 പേര്‍ പുറകിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ചിലപ്പോള്‍ മടിയിലൊക്കെയാവും ഇരുന്നിട്ടുണ്ടാവുക. അതെല്ലാം അപകടത്തിന്റെ ആഘാതം കൂട്ടി. ഓവര്‍ലോഡ് ആയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ബ്രേക്ക് പിടിക്കാനുള്ള ഗ്യാപ്പ് കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്. കോട്ടയം പാലാ സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് മരിച്ചത്.
കൊല്ലം സ്വദേശി ആനന്ദ് മനു, എടത്തുറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ചേര്‍ത്തല സ്വദേശി കൃഷ്ണദേവ്, ചവറ സ്വദേശി മുഹ്സിന്‍ മുഹമ്മദ്, ഷൈന്‍ ഡെന്‍സ്റ്റണ്‍, എറണാകുളം സ്വദേശി ഗൗരി ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.