കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി വി പ്രശാന്തിനും നോട്ടീസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്. കേസ് ഈ മാസം 10 ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ പ്രതി ചേര്‍ക്കാത്ത ജില്ലാ കലക്ടറുടേയും ടിവി പ്രശാന്തിന്റേയും മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇരുവര്‍ക്കും നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് അഭിപ്രായപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.

നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ടത്ര തെളിവുകള്‍ ശേഖരിക്കുന്നില്ലെന്നും, ലഭിച്ച തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്നും കുടുംബം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എഡിഎമ്മിന്റെ മരണം വിവാദമായ സാഹചര്യത്തില്‍ നവീന്‍ബാബു സഞ്ചരിച്ചിരുന്ന വഴിയിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച് സംരക്ഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *