ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിനേ നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ . നോയിഡ സ്വദേശി സച്ചിന്‍, സഹരാന്‍പൂര്‍ സ്വദേശി ശുഭം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം) ചുമത്തിലാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ഒരു വിഭാഗത്തെക്കുറിച്ചും രാമജന്മഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമര്‍ശങ്ങളില്‍ സച്ചിനും ശുഭും അസ്വസ്ഥരായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് എഡിജി (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികളെ ഹാപുര്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ നോയിഡയിലെ ബദല്‍പുരിലാണ് പ്രതികളിലൊരാളായ സച്ചിന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. എല്‍എല്‍എം (മാസ്റ്റര്‍ ഓഫ് ലോസ്) ബിരുദമുണ്ടെന്നാണ് സച്ചിന്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം പോലീസ് പരിശോധിച്ചുവരികയാണ്.

കേസില്‍ അറസ്റ്റിലായ രണ്ടാമത്തെയാളായ ശുഭം സഹരാന്‍പൂരിലെ സാംപ്ല ബീഗംപുരിലാണ് താമസിക്കുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യുന്നതെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നുമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഗാസിയാബാദിലെ മോദിപുരത്താണ് ഇയാള്‍ താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍, പരസ്പരം പരിചയമുണ്ടെന്ന കാര്യം പ്രതികള്‍ സമ്മതിച്ചു. അസദുദ്ദീന്‍ ഒവൈസിയുടെയും സഹോദരന്‍ അക്ബറുദ്ദീന്‍ ഒവൈസിയുടെയും പ്രസ്താവനകളാണ് ഇരുവരെയും ചൊടിപ്പിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇരുവരും ഒവൈസിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. നാലുപേരുള്ള സംഘമാണ് വെടിയുതിര്‍ത്തതെന്നും നാലു റൗണ്ട് വെടിവെച്ചെന്നും രണ്ടു ബുള്ളറ്റുകള്‍ കാറില്‍ തറച്ചെന്നും ഒവൈസി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *