സാഹത്യ അക്കാദമിക്കെതിരെയും അധ്യക്ഷൻ കെ സച്ചിദാനന്ദനെതിരെയും രൂക്ഷ വിമർശനവുമായി ശ്രീകുമാരൻ തമ്പി. കേരള ഗാനം’ എഴുതി നൽകിയിട്ടും അത് ഒഴിവാക്കിയത് തന്നെ അറിയിച്ചില്ലെന്നും സച്ചിദാനന്ദൻ തന്നെ മനഃപൂർവം അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പാട്ട് എഴുതി നൽകിയപ്പോൾ മാറ്റി എഴുതാൻ ആവശ്യപ്പെട്ടുവെന്നും എഴുതി നൽകിയപ്പോൾ നന്ദി മാത്രമാണ് പറഞ്ഞതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ബി കെ ഹരിനാരായണന്റെ പാട്ടാണ് പിന്നീട് തിരഞ്ഞെടുത്തത്. സാഹിത്യ അക്കാദമി തന്നെ അപമാനിച്ചുവെന്നും തനിക്കെതിരെ നടന്നത് ബോധപൂർവമായ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രി നിർബന്ധിച്ചിട്ടും ‘കേരള ഗാനം’ നൽകിയില്ലെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു.

സാഹത്യ അക്കാദമി തനിക്ക് ഒരു അവാർഡ് പോലും തന്നിട്ടില്ലെന്നും സച്ചിദാനന്ദനാണോ ശ്രീകുമാരൻ തമ്പിയാണോ കവി എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകളോട് എതിർപ്പില്ല, തനിക്ക് രാഷ്ട്രീയമില്ല. അക്കാദമിക്ക് എതിരായി ഇന്ന് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ശക്തി സച്ചിദാനന്ദനും അബൂബക്കറും ചേർന്ന അച്ചുതണ്ട് കക്ഷിയാണെന്നും ബാക്കിയുള്ളവർ അക്കാദമിയെ രക്ഷിക്കണേ എന്നാണ് പറയുന്നതെന്നും ആരോപണത്തിൽ ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഇതിനിടെ ശ്രീകുമാരന്‍ തമ്പിക്ക് വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ പ്രതികരിച്ചു. കേരളഗാനം തിരഞ്ഞെടുത്തിട്ടില്ലെന്നും തമ്പിയുടേത് ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ പരിഗണനയിലാണെന്നും സി.പി അബൂബക്കര്‍ പറഞ്ഞു.
സര്‍ക്കാര്‍കൂടി അംഗീകരിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.സാഹിത്യ രചന വിലയിരുത്തുന്നതില്‍ പലര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമെന്നും സി.പി.അബൂബക്കര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *