തൃശ്ശൂര്‍: രാമക്ഷേത്രത്തെക്കുറിച്ച് സാദിഖലി തങ്ങളുടെ പ്രതികരണം സംഘര്‍ഷം ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭിന്നിപ്പ് ഒഴിവാക്കാനാണ് താനടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്രവും നിര്‍മിക്കാന്‍ പോവുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുന്നതാണെന്നായിരുന്നു സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് പരിപാടിയില്‍ പ്രസംഗിച്ചത്.

രാമക്ഷേത്രം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ല. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സാദിഖലി തങ്ങളുടെ പരാമര്‍ശം.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അക്കാലത്ത് നമുക്ക് പ്രതിഷേധമുണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് കഴിഞ്ഞു. മുസ്ലിംകള്‍ സെന്‍സിറ്റീവായും ഊര്‍ജസ്വലമായും ജീവിക്കുന്ന കേരളത്തിലാണ് സഹിഷ്ണുതയുടെ മാതൃക രാജ്യത്തിന് കാണിച്ചുകൊടുത്തത്. തകര്‍പ്പെട്ടത് അയോധ്യയിലെ ബാബരി മസ്ജിദാണെങ്കിലും രാജ്യം മൊത്തം ഉറ്റുനോക്കിയത് കേരളത്തിലേക്കായിരുന്നു. അയോധ്യയില്‍ കര്‍സേവകരും ചില ഭീകരവാദികളും അസഹിഷ്ണുതയുടെ കതീന പൊട്ടിച്ചപ്പോള്‍ കേരളത്തില്‍ സമാധാനത്തിന്റെ പൂത്തിരി കത്തുന്നുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കിയതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *