ദേശീയ തലത്തിൽ കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ. തമിഴ്നാട്ടിൽ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം സഖ്യമായാണ് മത്സരിക്കുന്നത്. പക്ഷേ ഇടുക്കിയിൽ ഇത്തവണ സിപിഎമ്മിനൊപ്പമാണ് ഡിഎംകെ. ആദ്യം പിന്തുണ ചോദിച്ച സിപിഎമ്മിനെ തുണയ്ക്കുമെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രഖ്യാപനം.ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിലാണ് ഡിഎംകെക്ക് സ്വാധീനമുള്ളത്. ഇടുക്കിയിൽ 22000 അംഗങ്ങളുണ്ടെന്നാണ് അവകാശ വാദം. പിന്തുണ തേടി ഇടതുപക്ഷം എത്തിയതോടെ പൂപ്പാറയിൽ സംസ്ഥാന പ്രസിഡൻറിൻറെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ജോയ്സ് ജോർജിന് പിന്തുണ നൽകാൻ തീരുമാനമെടുത്തത്. ദേശീയ തലത്തിൽ ഇന്ത്യാ മുന്നണിക്കൊപ്പമാണ് ഡിഎംകെ.അതിർത്തി ഗ്രാമങ്ങളിലെ തമിഴ് വോട്ടുകൾ എൽഡിഎഫിന് അനുകൂലമാക്കാൻ കഴിയുമെന്നാണ് ഡിഎംകെ നേതാക്കളുടെ വിശ്വാസം. അടുത്ത ദിവസം മുതൽ എൽഡിഎഫിനൊപ്പം പ്രചാരണ രംഗത്തും സജീവമാകും. ദേവികുളം, പീരുമേട് എന്നിവിടങ്ങളിൽ സ്വാധീനമുണ്ടായിരുന്ന എഐഎഡിഎംകെ ഇത്തവണ കളത്തിലില്ല. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിച്ച എഐഎഡിഎംകെ സ്ഥാനാർത്ഥി ധനലക്ഷ്മി മാരിമുത്തു 11613 വോട്ടുകൾ നേടി ബിജെപി സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *