
സോള്‍: ദക്ഷിണ കൊറിയയുടെ 14ാമത്തെ പ്രസിഡന്റായി ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജേ മ്യൂങ് സത്യ പ്രതിജ്ഞ ചെയ്തു. ഭരണകക്ഷിയായിരുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെ കിം മുന്‍ സൂവിനെ പരാജയപ്പെടുത്തിയാണ് ലീ ജേ മ്യൂങ് ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ലീക്കിന് അറുപത്തിയൊന്ന് വയസാണ്.
പ്രധാന വ്യാപാര പങ്കാളിയും സുരക്ഷ സഖ്യ കക്ഷിയുമായ അമേരിക്കയുമായിട്ടുള്ള ബന്ധം തിരികെ കൊണ്ടുവരുന്നതില്‍ പ്രസിഡന്റ് എന്ന നിലയില്‍ ലീ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരിക. എന്നാല്‍ വ്യവസായത്തില്‍ നവീകരണവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കയുമായി ശക്തമായ സുരക്ഷാ സഖ്യം നിലനിര്‍ത്തുകയും നയതന്ത്രത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരികയും ചെയ്തുകൊണ്ട് ഉത്തരകൊറിയയുമായി വീണ്ടും സംഭാഷണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.