പാലക്കാട്: സിഗരറ്റ് ലൈറ്ററിന്റെ വെളിച്ചത്തില്‍ ഹോട്ടലില്‍ മോഷണം. പാലക്കാട് യാക്കര ജങ്ഷനിലെ രമേശന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് മോഷണം. മേശയില്‍ സൂക്ഷിച്ച 10,000ത്തോളം രൂപ കവര്‍ന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.
തിങ്കളാഴ്ച രാത്രി പത്തുമണിക്ക് പാലക്കാട് യാക്കര ജങ്ഷനിലെ ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടല്‍ ഉടമ ആര്‍ രമേഷ് കടപൂട്ടി വീട്ടിലേക്ക് പോയ ശേഷമാണ് സംഭവം. ഹോട്ടലിന് മുന്നിലെത്തിയവരില്‍ ഒരാള്‍ ഷട്ടറിന്റെ ചെറിയ വിടവിലൂടെ അകത്തേക്കു കയറുകയായിരുന്നു. കൂടെ വന്നയാള്‍ പുറത്തുനിന്നു.
അടുക്കളഭാഗത്തേക്ക് കയറിയ കള്ളന്‍, സിഗരറ്റ് ലൈറ്റര്‍ തെളിച്ച് കാഷ് കൗണ്ടറിന്റെ ഭാഗത്തേക്കുപോയി. മറ്റൊരു മേശയ്ക്കരികില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ തപ്പിയെടുത്ത് മേശതുറന്ന് പണമെടുക്കുകയായിരുന്നു. മേശയില്‍ സൂക്ഷിച്ച 10,000ത്തോളം രൂപ കവര്‍ന്നു. ഈ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുറത്തുവന്ന മോഷ്ടാവ് ഹോട്ടലിനു മുന്നില്‍ നിന്ന സഹായിയുമായി സ്ഥലംവിടുന്നതും ദൃശ്യങ്ങളിലുണ്ട്. ഹോട്ടലിലെ ഒരു മുറിയില്‍ പതിവായി താമസിക്കാറുള്ള ജീവനക്കാരന്‍ അവിടെ ഉണ്ടായിരുന്നെങ്കിലും മോഷണവിവരം അറിഞ്ഞില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.