തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പിപി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിര്‍ത്തിരുന്നു.

യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീന്‍ ബാബുവിന്റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തില്‍ വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങള്‍ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകള്‍. കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവര്‍ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *