29/03/2024

എകെജി സെൻ്റർ ആക്രമണത്തിൽ നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ലെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ വെച്ചുകെട്ടി വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് പിസി വിഷ്ണുനാഥ് പറഞ്ഞു.സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.ഭീകരാക്രമണമാണ് നടന്നതെന്നാണ് ജയരാജന്‍ പറഞ്ഞത്. ഭീകരാക്രമണമല്ല നാനോ ആക്രമണമാണ് നടന്നത്. കരിയില പോലും കത്താതെ നടന്ന ആക്രമണത്തെ കുറിച്ച് വിദേശ ഏജന്‍സികള്‍ പഠിക്കാന്‍ വരികയാണ്. ആക്രമണം നടത്തിയയാളെ പോലീസ് പിന്തുടരാതിരുന്നത് എന്തുകൊണ്ടാണ്. ഇന്ദിരാഭവന്‍ ആക്രമിച്ചിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നത്ര സ്‌ഫോടനശബ്ദമെന്നാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞത്. ഇത്രയും വലിയ സ്‌ഫോടന ശബ്ദം സ്ഥലത്ത് കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ കേട്ടില്ലേയെന്നും വിഷ്ണുനാഥ് ചോദിച്ചു.
പൊലീസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് വിശദീകരിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥ സംസ്ഥാനത്തെ എവിടെയെത്തിക്കുന്നു എന്നതിലേക്കാണ് സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫിസുകള്‍ സിപിഐഎം അക്രമി സംഘം നശിപ്പിക്കുന്നു. ആലപ്പുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊലവിളി ജാഥ പോലുമുണ്ടാകുന്നു. പൊലീസ് ഈ കൊലവിളി സംഗീതം ആസ്വദിക്കുകയാണ് ചെയ്യുന്നതെന്ന് പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *