സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ്

0

എ കെ ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടപ്പോള്‍ അത് ആഘോഷമാക്കി മാറ്റുകയാണ് സിപിഎം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണ് സംശയം. ആക്രമണത്തിന് തലേദിവസം മുമ്പ് വരെ എകെജി സെന്ററിന് മുമ്പില്‍ ആ ഗേറ്റില്‍ പോലീസ് ഉണ്ടായിരുന്നു. എന്നാല്‍ ആക്രമണം നടന്ന സമയത്ത് ജീപ്പ് ഉണ്ടായിരുന്നില്ല. ആരാണ് അത് മാറ്റിയത്? എകെജി സെന്ററിനും സമീപപ്രദേശങ്ങളിലുമായി എഴുപതോളം സിസിടിവി ക്യാമറകളുണ്ട്. ഇതിലൊന്നും പതിയാതെ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? കേരളാ പോലീസിന്റെ സ്‌ട്രൈക്കേഴ്‌സ് ടീമിനായിരുന്നു എകെജി സെന്ററിന്റെ ചുമതല. ഇവര്‍ നോക്കിനില്‍ക്കുമ്പോള്‍ എങ്ങനെയാണ് അവിടെ ഒരു ബോംബ് ആക്രമണം ഉണ്ടായത്? ഇത്രയും ശക്തമായ സുരക്ഷയ്ക്കിടയില്‍ എങ്ങനെയാണ് പ്രതി രക്ഷപ്പെട്ടത്? സിപിഎം നേതാക്കളുടെ പ്രസ്താവന പരസ്പര വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫീസിന് നേരെ ആക്രമണം നടത്തുമ്പോഴും പന്തമെറിയുമ്പോഴും പോലീസ് കൈയും കെട്ടി നില്‍ക്കുകയായിരുന്നില്ല, തൊപ്പിയില്‍ കൈ വെച്ചു നില്‍ക്കുകയായിരുന്നു. ആക്രമികള്‍ തൊപ്പി കൊണ്ടു പോകാതിരിക്കാനായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

രാഹുല്‍ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിഫോട്ടോ തകര്‍ത്ത സംഭവത്തില്‍ എസ് എഫ് ഐക്കാര്‍ കുറ്റക്കാരല്ലെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞു. പിന്നെ എങ്ങനെയാണ് പൊലീസ് മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കുകയെന്ന് വി ഡി സതീശന്‍ ചോദിച്ചു

ഞങ്ങള്‍ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ഭയപ്പാടാണ്. നിങ്ങളുടെ ഭീതി വെപ്രാളത്തില്‍ നിന്നുണ്ടാകുന്നതാണ്. കുറച്ചുനാളായി സര്‍ക്കാരിന് തൊട്ടതെല്ലാം പാളിപ്പോകുകയാണ്. അപകടത്തിലേക്ക് പോകുകയാണ്, ശ്രദ്ധിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here