സുധാകരനാര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ,മടിയിൽ കനം ഇല്ലാത്തത് കൊണ്ട് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല;മുഖ്യമന്ത്രി

0

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറായാകാത്തത് ആശ്ചര്യമുണ്ടാക്കി. ഈ മാനസികാവസ്ഥ നേതാക്കന്‍മാര്‍ക്ക് എങ്ങനെയുണ്ടായെന്ന് ആലോചിക്കാവുന്നതാണ്.നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരൻ ആരോപിച്ചത്.തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത്. നടപടി എടുത്തു.സിപിഎം തള്ളിപ്പറഞു, അഖിലേന്ത്യാ തലത്തിൽ പാർട്ടി ജനറൽ സെക്രട്ടറിയും സർക്കാരിന് വേണ്ടി മുഖമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോൺഗ്രസിന് കഴിയുന്നില്ല എന്ന് മുഖ്യമന്ത്രി ചോദിച്ചു.
കെ സുധാകരനെ വിമര്‍ശിക്കുന്നതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ ഇടപെട്ടപ്പോള്‍ മുഖ്യമന്ത്രി വിമര്‍ശനം കടുപ്പിച്ചു.

‘ഇ പി ജയരാജനാണ് ഓഫീസ് ആക്രമിച്ചതെന്ന് പറഞ്ഞ കെ സുധാകരന്റെ പ്രസ്താവനയേക്കുറിച്ചാണ്. സുധാകരന്റെ രീതിയേക്കുറിച്ചാണോ നിങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്. അതിലേക്കൊന്നും ഞാന്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കതിന്റെ ആവശ്യമില്ല. നിങ്ങളുടെ നേതാവല്ലേ ഇപ്പോള്‍. നിങ്ങള്‍ അദ്ദേഹത്തെ സ്വാഭാവികമായും നേതാവായി അംഗീകരിച്ച് നടക്കുകയാണ്. ആയിക്കോ. സുധാകരനാര് എന്നൊക്കെ എന്നെ പഠിപ്പിക്കാന്‍ നില്‍ക്കരുത് കേട്ടോ. എനിക്കപ്പോള്‍ നാല്‍പ്പാടി വാസുവിന്റെ മാത്രമല്ല, സേവറി ഹോട്ടലിലെ നാണുവിന്റെ കഥ ഓര്‍മ്മയില്ലേ? ഞാന്‍ അതിലേക്കും പോകുന്നില്ല.’ മുഖ്യമന്ത്രി പറഞ്ഞു. ഇ പി ജയരാജന് വെടിയേറ്റ സംഭവവും മുഖ്യമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചു.

ബോംബിന്റെ രീതികളെ കുറിച്ച് തന്നോട് ചോദിക്കുന്നതിനെക്കാള്‍ നല്ലത് നിങ്ങളുടെ തന്നെ നേതാവിനോട് ചോദിക്കുന്നതാണ്. പണ്ട് ഇന്ത്യാടുഡെ ഒരു ലേഖനം പ്രസിദ്ധീകരിച്ചത് ഓര്‍മ്മയില്ലേ?. അന്നത്തെ ഡിസിസി പ്രസിഡന്റ് ആരെന്ന് ഓര്‍ത്താല്‍ മതി. ലേഖകന് ബോംബുകളെ കുറിച്ച് പറഞ്ഞുകൊടുത്തത് ഡിസിസി ഓഫീസില്‍ വച്ചായിരുന്നു. അത് മൂന്ന് തരം ബോംബുകളെ കുറിച്ചുള്ള വിശദീകരണമായിരുന്നു. ഇതെല്ലാം ഉത്തരവാദിത്വത്തോടെ അച്ചടിച്ചുവന്നതുമാണെന്നും പിണറായി പറഞ്ഞു
തന്റേത് സുപരീക്ഷിത ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . അതുകൊണ്ട് എല്ലാം ചിരിച്ച് കൊണ്ട് നേരിടും. മടിയിൽ കനം ഇല്ലാത്തത് കൊണ്ട് മാത്രം അല്ല, ജീവിതത്തിൽ ശുദ്ധിയുള്ള ആൾക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ജീവിതത്തിൽ ശുദ്ധി പുലർത്താൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താൽക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുത്. തൊട്ടതെല്ലാം പാളുന്നത് ആർക്കാണ് എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. അടിയന്തരപ്രമേയം സഭ തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here