കണ്ണൂര്‍: ഇരിട്ടി പടിയൂര്‍ പൂവം പുഴയില്‍ ചൊവ്വാഴ്ച വൈകീട്ട് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിനിയുടെയും മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസില്‍ സൂര്യയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് 12.30ഓടെ പൂവം കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം കാണാതായ എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ ഷഹര്‍ബാനയുടെ (28) മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.

ചക്കരക്കല്ല് നാലാംപീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രതീഷിന്റെയും സൗമ്യയുടെയും മകളാണ് സൂര്യ. എടയന്നൂര്‍ ഹഫ്സത്ത് മന്‍സിലില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും അഫ്‌സത്തിന്റെയും മകളാണ് ഷഹര്‍ബാന. ഇരുവരും ഇരിക്കൂര്‍ സിഗ്ബ കോളജിലെ ബി.എ സൈക്കോളജി അവസാനവര്‍ഷ വിദ്യാര്‍ഥിനികളായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇരുവരെയും പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പൂവം പുഴയില്‍ കാണാതായത്. കോളജില്‍ പരീക്ഷ കഴിഞ്ഞ ശേഷം സഹപാഠിയായ പടിയൂര്‍ സ്വദേശിനി ജസീനയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവിടെ നിന്ന് ചായ കുടിച്ച ശേഷം പുഴയോരത്ത് ഫോട്ടോ എടുക്കാനായി പോയതായിരുന്നു. മൊബൈല്‍ഫോണില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയശേഷം പൂവത്തെ കൂറ്റന്‍ ജലസംഭരണിക്ക് സമീപം ഇരുവരും പുഴയിലിറങ്ങി. വിദ്യാര്‍ഥിനികള്‍ പുഴയിലിറങ്ങുന്നത് ശ്രദ്ധയില്‍പെട്ട മീന്‍പിടിക്കുന്നവരും ജലസംഭരണിക്ക് മുകളിലുണ്ടായിരുന്ന വാട്ടര്‍ അതോറിറ്റി ജീവനക്കാരനും ഇവരെ വിലക്കിയെങ്കിലും നിമിഷങ്ങള്‍ക്കകം ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *