കല്‍പറ്റ: മേപ്പാടി ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 206 പേരെ. മരണം 350 കടന്നതായാണ് അനൗദ്യോഗിക കണക്കുകള്‍. 219 മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ആറാം ദിവസത്തെ തിരച്ചില്‍ രാവിലെ തുടങ്ങി. ചാലിയാറില്‍നിന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 71 ആയി. 134 ശരീരഭാഗങ്ങളും ചാലിയാറില്‍നിന്നും വനത്തില്‍നിന്നുമായി ലഭിച്ചു. മൃതദേഹങ്ങളില്‍ 35 എണ്ണം പുരുഷന്‍മാരുടേതും 27 എണ്ണം സ്ത്രീകളുടേതും നാലെണ്ണം ആണ്‍കുട്ടികളുടേതും അഞ്ചെണ്ണം പെണ്‍കുട്ടികളുടേതുമാണ്. ശരീരഭാഗങ്ങള്‍ സംസ്‌കരിക്കാന്‍ നിലമ്പൂരില്‍ തന്നെ സര്‍ക്കാര്‍ സൗകര്യമൊരുക്കി.
93 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,042 പേരാണ് കഴിയുന്നത്. ചൂരല്‍മലയില്‍ 10 ക്യാമ്പുകളിലായി 1,707 പേരുമുണ്ട്.
തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരിച്ചറിയാന്‍ സാധിക്കാത്ത 67 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവ സംസ്‌കരിക്കേണ്ട ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കാണ്.