ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ഇന്ത്യ ഒളിംപിക്സ് ഹോക്കി സെമിയില്‍. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ കരുത്തും പരിചയ സമ്പത്തും മികവും ജയത്തില്‍ നിര്‍ണായകമായി. കരിയറിലെ അവസാന ഒളിംപിക്സ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രീജേഷ്.
നിശ്ചിത സമയത്ത് ഇന്ത്യ ബ്രിട്ടനെ 1-1നു തളച്ചു. ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. നിശ്ചിത സമയത്തിന്റെ 22ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 27ാം മിനിറ്റില്‍ ലീ മോര്‍ട്ടന്‍ ബ്രിട്ടനു സമനില സമ്മാനിച്ചു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ മനോഹര പ്രതിരോധമാണ് കളത്തില്‍ തീര്‍ത്തത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരിക്കല്‍ കൂടി ഇതിഹാസ മലയാളി ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായി. ബ്രിട്ടന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ മറ്റൊരു ഷോട്ട് ശ്രീജേഷ് തടുത്തിട്ടു. ബ്രിട്ടന്റെ ഫിലിപ്പ് റോപ്പര്‍ എടുത്ത ഷോട്ടാണ് ശ്രീജേഷ് തടുത്തിട്ടത്. കോണോര്‍ വില്ല്യംസന്റെ ഷോട്ടാണ് പുറത്തേക്ക് പോയത്. ഇന്ത്യക്കായി ആദ്യം കിക്കെടുത്തത് ക്യാപ്റ്റന്‍ ഹര്‍മപ്രീത് സിങാണ്. പിന്നലെ സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, രാജ്കുമാര്‍ പാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.