മറയൂർ കാന്തല്ലൂരിൽ കമിതാക്കൾ ആത്മഹത്യയ്ക്കു ശ്രമിക്കുകയും യുവാവ് മരിക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അപകടനില തരണം ചെയ്ത യുവതിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പെരുമ്പാവൂര്‍ മാറമ്പിള്ളി സ്വദേശിയായ നാദിര്‍ഷ(30) തന്റെ കൈഞരമ്പുകള്‍ ബലമായി മുറിച്ചെന്നാണ് അധ്യാപികയായ യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്.
വ്യാഴം ഉച്ചയോടെയാണ് പെരുമ്പാവൂർ മാറാമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ അലിയുടെ മകൻ നാദിർഷായെ (30) ഞരമ്പ് മുറിച്ച ശേഷം കൊക്കയിൽ വീണു മരിച്ച നിലയിലും മറയൂർ പത്തടിപ്പാലം സ്വദേശിയായ അധ്യാപികയെ ഇരുകൈകളും മുറിഞ്ഞു രക്തം വാർന്ന നിലയിലും കണ്ടെത്തിയത്.2 വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വ്യാഴം രാവിലെ പെരുമ്പാവൂരിൽ നിന്നു മറയൂരിലെത്തിയ നാദിർഷാ ഫോണിൽ യുവതിയുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇരുവരുമൊന്നിച്ച് ഇരച്ചിൽ പാറയിലും മറ്റും പോയ ശേഷം ഒരുമിച്ചു മരിക്കാൻ ഇയാൾ നിർബന്ധിച്ചു.

ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് മൊബൈലിൽ വിഡിയോ ചിത്രീകരിച്ച ശേഷം ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളിൽ വയ്ക്കാൻ നിർബന്ധിച്ചെങ്കിലും യുവതി ഫോൺ കയ്യിൽ കരുതി. പെരുമാറ്റത്തിൽ ഭയം തോന്നിയപ്പോൾ ഫോണിൽ നിന്നു ദൃശ്യങ്ങൾ നാദിർഷായുടെ സഹോദരിക്കും സുഹ‍ൃത്തുക്കൾക്കും അയച്ചുകൊടുത്ത യുവതി തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചു.

സഹോദരി തിരികെ വിളിച്ചപ്പോൾ യുവാവ് ദേഷ്യപ്പെടുകയും ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി യുവതിയുടെ കയ്യിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ബോധരഹിതയായി വീണ ഇവർ പിന്നീട് ബോധം വന്നപ്പോൾ കയ്യിലെ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. യുവതി ഓടി രക്ഷപ്പെട്ടതോടെ നാദിർഷ കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് മൊഴി,.അവിടെയെത്തിയ വിനോദസഞ്ചാരികള്‍ കണ്ടതാണ് അബോധാവസ്ഥയിലായ യുവതി രക്ഷപ്പെടാന്‍ കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *