നന്മയുടെ വഴിയിൽ വേറിട്ട ചരിത്രം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അദാലത്തിൽ
നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കോടതി കോംപൗണ്ടിൽ നടന്നു കൊണ്ടിരിക്കുന്ന ലീഗൽ സർവ്വീസസ് അതോറിറ്റി പ്രീ-അദാലത്തുകളുടെ ഭാഗമായി പൊതു ജനങ്ങളുടെ ദുരിതപർവ്വം കണ്ടറിഞ്ഞു വിട്ടു വീഴ്ച്ചയ്ക്കൊരുങ്ങി ധനകാര്യ സ്ഥാപനങ്ങൾ.
വിദ്യാഭ്യാസ വായ്പ എടുത്ത തുകയും പലിശയും, അടക്കം കുടിശ്ശികയായ 5,16,781/- രൂപയിൽ 10,000 രൂപ മാത്രം മതിയെന്ന് വെച്ച് ഒത്തു തീർപ്പാക്കി SBI കനിവിന്റെ പുതിയ മാതൃക തീർത്തു. ഈ ചെറിയ തുകയും അടച്ച് തീർക്കാനാവാത്ത നിരാലംബരായ രക്ഷിതാക്കളുടെ അവസ്ഥ മനസ്സിലാക്കി ബാങ്ക് ജീവനക്കാർ തന്നെ ആ പണം സ്വന്തം കയ്യിൽ നിന്നുമെടുത്ത് വീതിച്ച് നൽകി. അങ്ങനെ നൻമയുടെ വഴിയിൽ പുതിയ ചരിത്രം കുറിച്ച് എസ്.ബി.ഐ.
കോഴിക്കോട്, ചെറുകുളത്തൂർ സ്വദേശിയായ സുഗതന്റെ മകൾ ആതിര ബി. ഡി. എസ് വിദ്യാർത്ഥിനി ആയിരിക്കെ സംഭവിച്ച അപകടത്തെ തുടർന്ന് കിടപ്പിലാകുകയും 75% അംഗവൈകല്യം ബാധിച്ച കുട്ടിക്ക്, പഠനം പൂർത്തിയാക്കിയെങ്കിലും പ്രാക്ടീസ് ചെയ്യുവാനോ ജോലി നേടുവാനോ കഴിയാത്തതിനാൽ വായ്പ തിരിച്ചാടക്കാൻ കഴിഞ്ഞിരുന്നില്ല. മകളുടെ ചികിത്സയ്ക്ക് വേണ്ടി ഭാരിച്ച തുക ചിലവാക്കേണ്ടി വന്ന പിതാവിന്റെ നിസ്സഹായത തിരിച്ചറിഞ്ഞ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം. പി ഷൈജലിന്റെ ക്രിയാത്മകമായ ഇടപെടലിന്റെ ഫലമായാണ് ബാങ്ക് ഇത്തരമൊരു അനിതര സാധാരണ നടപടിയിലേക്ക് നീങ്ങിയത്. ബാങ്ക് ജീവനക്കാരായ . രചന രാകേഷ്, സജി, രാജീവ്, പ്രവീൺ, ജിംഷിദ, പ്രശോഭ്, , ഹരി, രമേശൻ, വിനയൻ, അശോകൻ, ലോപേഷ് എന്നിവർ ചേർന്നാണ് തുക നൽകിയത്. കുമാരി ആതിരയുടെ തുടർ ചികിത്സക്കും, പെൻഷൻ ലഭ്യമാക്കുന്നതിനും, ജോലി സാധ്യതകളെകുറിച്ചും സി.ആർ.സിയുമായി സഹകരിച്ച് നടപടികൾ കൈക്കൊ ള്ളുമെന്ന് DLSA, സെക്രട്ടറി .എം. പി. ഷൈജൽ പറഞ്ഞു.
