കോഴിക്കോട്: നാദാപുരം സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുളിക മാറി നല്‍കിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിച്ചു. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി ചന്ദ്രന്‍ (72) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 23നാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചന്ദ്രന്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് ഗുളിക മാറി നല്‍കിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ മോശമാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് അവിടെ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവാണ് മരണത്തിന് കാരണമായതെന്നാണ് കുടുംബം ഉറച്ചു വിശ്വസിക്കുന്നത്. സംഭവത്തില്‍ ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബം ഇതിനോടകം തന്നെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്നും നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *