ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ആത്മകഥ ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കുമെന്ന് സ്ഥിരീകരിച്ച് പ്രസാധകര്‍. പെന്‍ഗ്വിന്‍ ഇന്ത്യ പിന്‍മാറിയതിന് പിന്നാലെയാണ് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അനുമതി ഹാര്‍പ്പര്‍ കോളിന്‍സിന് ലഭിച്ചത്. ‘ബിലോങ്ങിംഗ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന ഓര്‍മ്മക്കുറിപ്പ് നവംബര്‍ 10-ന് ആഗോളതലത്തില്‍ പുറത്തിറങ്ങും.
യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം മുതല്‍ ഇന്ത്യയിലെ ജീവിതം, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ചെലവഴിച്ച ദശാബ്ദങ്ങള്‍ വരെയുള്ള സോണിയാ ഗാന്ധിയുടെ ജീവിതയാത്രയാണ് ഇതില്‍ വിവരിക്കുന്നത്. പുസ്തകം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീയ ആത്മകഥകളിലൊന്നാണെന്നും ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂര്‍വ്വമായ ഒരു ഉള്‍ക്കാഴ്ച ഈ പുസ്തകം നല്‍കുന്നുവെന്നും ഹാര്‍പ്പര്‍ കോളിന്‍സ് വ്യക്തമാക്കി.
എഴുത്തുകാരിയോട് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുകയും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെയാണ് പെന്‍ഗ്വിന്‍ ഇന്ത്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതെന്നായിരുന്നു പുറത്തു വന്ന വിവരം. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ഇന്ത്യയിലെ പ്രസാധകര്‍ തങ്ങളല്ലെന്നുമായിരുന്നു പെന്‍ഗ്വിന്‍ ഇന്ത്യയുടെ വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ്, ഇന്ത്യ-ചൈന ബന്ധം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ പെന്‍ഗ്വിന്‍ ഇന്ത്യ ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചതോടെ ഈ വിഷയം വലിയൊരു രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. പെന്‍ഗ്വിന്‍ ഇന്ത്യയുടെ ഈ തീരുമാനം സമ്മര്‍ദ്ദം മൂലമാണെന്നും നേതാക്കള്‍ ആരോപിച്ചു. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ വിസമ്മതിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കൊലപാതകം ആണെന്നും അതീവ ഗൗരവകരമായ വിഷയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
