സിനിമാ താരം ശ്രീദേവിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായെത്തിയ വനിതാ യുട്യൂബര്‍ക്കെതിരെകുറ്റപത്രം സമർപ്പിച്ച് സിബിഐ. ദീപ്‍തി ആര്‍ പിന്നിറ്റിക്ക് എതിരെയാണ് കുറ്റപത്രം സമ്മർപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗിന്റെയും വ്യാജ കത്തുകള്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചു എന്നതാണ് ദീപ്‍തിക്കെതിരെയുള്ള കേസ്.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും യുഎഇയിലെയും സര്‍ക്കാരുകള്‍ വസ്‍തുതകള്‍ മറച്ചുവയ്‍ക്കുന്നു എന്നായിരുന്നു ദീപ്‍തി യൂട്യൂബിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ ഭുവ്‍നേശ്വര്‍ സ്വദേശിയായ ദീപ്‍തിക്ക് എതിരെയും യുവതിയുടെ അഭിഭാഷകൻ സുരേഷ് കാമത്തിനും എതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‍തിരുന്നു.
യുട്യൂബ് ചർച്ചയ്ക്കിടെ പ്രധാനമന്ത്രിയെയും പ്രതിരോധ മന്ത്രിയെയും കുറിച്ച് അവർ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി സിബിഐ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ഇവർക്കെതിരെ കേസ് ഫയൽ ചെയ്ത ശേഷം, ഭുവനേശ്വറിലെ ദീപ്‍തിയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയിൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *