ഡല്‍ഹി ഇന്ന് പോളിങ് ബൂത്തില്‍. ആകെയുള്ള 70 സീറ്റിലേക്കുമായി 699 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഭരണത്തുടര്‍ച്ചയ്ക്ക് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍ 28 വര്‍ഷത്തിനുശേഷം അധികാരത്തില്‍ തിരിച്ചെത്താനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ രണ്ട് തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് ഇത്തവണ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയിലാണ്.
രാഷ്ട്രപതി ദ്രൗപദി മുര്‍മു മുതല്‍ കേന്ദ്രമന്ത്രിമാരും എംപിമാരും എംഎല്‍എമാരും വോട്ട് ചെയ്യും. രാഷ്ട്രപതി ഭവന്‍ കോംപ്ലക്‌സിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് രാഷ്ട്രപതിയുടെ വോട്ട്. ഒരു കോടി അന്‍പത്തിയാറ് ലക്ഷത്തോളം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എഴുപതിനായിരത്തോളം സേനാംഗങ്ങളെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി മെട്രോ പുലര്‍ച്ചെ നാലുമണി മുതല്‍ സര്‍വീസ് നടത്തും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.