കണ്ണൂര്‍: : പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. പ്രൊമോട്ടര്‍മാരും തട്ടിപ്പില്‍ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതിയാണ്.

കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ ഏഴു പ്രതികളാണുള്ളത്. ഇതില്‍ ഏഴാം പ്രതിയാണ് നിയമോപദേഷ്ടാവായ ലാലി വിന്‍സെന്റ്. സംസ്ഥാനത്താകെ നടന്ന തട്ടിപ്പിന്റെ വ്യാപ്തി ആയിരം കോടിയോളം വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് കേസിന്റെ അന്വേഷം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം ഏറ്റെടുക്കും. പ്രതി അനന്തു കൃഷ്ണന്റെ രാഷ്ട്രീയ ബന്ധങ്ങളില്‍ അന്വേഷണം ഉണ്ടാകും.

അനന്തു കേസില്‍ ബലിയാടായതാണെന്നും നിയമോപദേശം താന്‍ നല്‍കിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളില്‍ ബന്ധമില്ലെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

അതേസമയം, സിഎസ്ആര്‍ ഫണ്ടിന്റെ പേരിലുള്ള തട്ടിപ്പില്‍ പ്രതി അനന്തുകൃഷ്ണനെതിരെ കൂടുതല്‍ ആരോപണം ഉയര്‍ന്നു. 25 ലക്ഷം രൂപ വായ്പ വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി ബിജെപി വനിത നേതാവ് രംഗത്തെത്തി. ഇടുക്കി മുട്ടത്തെ ഗീതാ കുമാരിയാണ് വഞ്ചിക്കപ്പെട്ടത്. അനന്തു നല്‍കിയ ചെക്കുകളെല്ലാം മടങ്ങിയെന്നും 2019ലാണ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അനന്തു കടം വാങ്ങിയതെന്നും ഗീതാകുമാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *