പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ടി സഞ്ജയ് കുമാറിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി വൈകി തെലങ്കാന പൊലീസ് സഞ്ജയ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വിവാദം പുകയുന്നതിനിടെയാണു ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.

തെലങ്കാന പൊലീസിന്റെ നടപടിക്കെതിരെ ബിജെപി നേതൃത്വം ഒന്നടങ്കം രംഗത്തെത്തി. കരിംനഗർ ജില്ലയിൽനിന്നുള്ള എംപി കൂടിയായ സഞ്ജയ് കുമാറിനെ, യാതൊരു വിശദീകരണവും കൂടാതെയാണ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി ആരോപിച്ചു.

അതേസമയം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സഞ്ജയ് കുമാറിനെ ഒന്നിനു പുറകെ ഒന്നായി പൊലീസ് സ്റ്റേഷനുകൾ മാറ്റി പാർപ്പിച്ചതായും ആരോപണമുണ്ട്. ഇതോടെ അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നു. സംസ്ഥാന അധ്യക്ഷനെ അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച ബിജെപി നേതൃത്വം, ഇതിനെതിരെ തെലങ്കാന തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.

സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യം വിശദീകരിക്കണമെന്നും അദ്ദേഹം ഇപ്പോൾ എവിടെയാണ് ഉള്ളതെന്നു വ്യക്തമാക്കണമെന്നും തെലങ്കാന പൊലീസിനോടു നിർദ്ദേശിക്കാൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, അദ്ദേഹത്തിനെതിരായ എഫ്ഐആറിന്റെ പകർപ്പ് പുറത്തായി. ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *