ന്യൂഡല്‍ഹി : മുസ്ലിംകള്‍ പെരുന്നാളിനോടനുബന്ധിച്ച് മൃഗബലി നടത്തുമ്പോള്‍ റോഡരുകിലും പൊതുസ്ഥലങ്ങളിലും വെച്ച് അറവ് നടത്തരുതെന്ന ഡല്‍ഹി ഇമാം സയ്യിദ് ശബാന്‍ അഹമദ് ബുഖാരിയുടെ ആഹ്വാനം സ്വാഗതാര്‍ഹവും കാലികപ്രസക്തവുമാണെന്ന് ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇതര സമൂഹങ്ങളുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മാനിക്കണമെന്നും ഇമാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഇമാമിന്റെ വാക്കുകള്‍ക്ക് സമൂഹത്തിലും ഭരണകേന്ദ്രങ്ങളിലും വലിയ സ്വാധീനമാണുള്ളത്. പതിനായിരത്തോളം വിശ്വാസികളാണവിടെ വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതും ഉപദേശം ശ്രവിക്കുന്നതും. എല്ലാ മത വിഭാഗത്തില്‍ പെട്ടവര്‍ക്കും ഡല്‍ഹി ജുമാമസ്ജിദ് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ട്.
ജുമാമസ്ജിദിലെത്തിയ ഡോ. ഹുസൈന്‍ മടവൂരിനെ നാഇബ് ഇമാം മൗലാനാ ഉവൈസ് നദ് വി , സെക്രട്ടരിമാരായ അന്‍സാറുല്‍ ഹഖ്, അലി അക്തര്‍ മക്കി എന്നിവര്‍ സ്വീകരിച്ചു. എ ഡി 1650-1656 കാലഘട്ടത്തില്‍ ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ജുമാ മസ്ജിദ് സ്ഥാപിച്ചത്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ പള്ളി ലോകസഞ്ചാരികളെയും ഗവേഷകരെയും ആകര്‍ഷിക്കുന്ന പ്രമുഖ ചരിത്രസ്മാരകമാണ്. പുതിയ വഖഫ് നിയമങ്ങള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇത്തരം മത സ്ഥാപനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും വഖഫ് സംരക്ഷണത്തിന്നായി ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ബോഡും പ്രമുഖ മുസ്ലിം സംഘടനകളും മതേതര സമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന പരിശ്രമങ്ങള്‍ വിജയിക്കുമെന്നും ഹുസൈന്‍ മടവൂര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *