കോഴിക്കോട് :അധ്യയന വര്ഷം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കണമെന്ന നിർദ്ദേശം പൂർണമായി നടപ്പായില്ല. നഗര പരിധിയിൽ 100 ഓളം വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്ക് എത്തിക്കാനുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

ഇതിൽ ഏതെങ്കിലും വാഹനങ്ങൾ ജില്ലയിലെ മറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തിയോ എന്ന് പരിശോധിച്ചു വരികയാണ്. ഫിറ്റ്നസ് പരിശോധനയ്ക്ക് അഞ്ച് ദിവസം കൂടുതൽ അനുവദിച്ചിരുന്നു. ഡ്രെെവർമാരും ആയമാരും സ്ഥലത്തില്ലാത്തതിനാൽ ബസുകൾ പരിശോധന നടത്താനായില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

മുൻകൂട്ടി അറിയിക്കാതെ സ്കൂൾ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തിച്ചാൽ പരിശോധന നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരാഴ്ചക്കകം മുൻകൂട്ടി നിശ്ചയിക്കുന്ന ഒരു ദിവസം വാഹന പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്കെല്ലാം ഇ.ഐ.ബി സ്റ്റിക്കർ നൽകിയിട്ടുണ്ട്. സ്റ്റിക്കർ പതിക്കാത്ത വാഹനങ്ങൾ കുട്ടികളുമായി യാത്ര നടത്തുന്നുണ്ടോ എന്നും മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *