തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് മുതിർന്ന സിപിഐഎം നേതാവ് എ.കെ. ബാലൻ. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്നും എ.കെ. ബാലൻ ചോദിച്ചു. കേസിൽ തുടക്കക്കാരൻ മാത്യു കുഴൽനാടനായിരുന്നു.

വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. തുടർന്ന് അപ്പീൽ സുപ്രീം കോടതിയും തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി പറഞ്ഞിരുന്നു. മാത്യുവിന് ശേഷം പിന്നീട് രംഗത്ത് വരുന്നത് ഷോൺ ജോർജാണ്. എസ്എഫ്ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എ.കെ. ബാലൻ ചോദിച്ചു. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഐഎമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ എന്നും ബാലൻ പറഞ്ഞു.

2002, 2013 വർഷങ്ങളിൽ കരിമണൽ ഖനനം നടത്താൻ സി.എം.ആർ.എൽ കമ്പനിക്ക് അനുമതി നൽകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരായിരുന്നു. എന്നാൽ വി. എസ്. അച്യുതാനന്ദൻ സർക്കാരാണ് അത് റദ്ദാക്കിയതെന്നും എ. കെ. ബാലൻ ഓർമ്മിപ്പിച്ചു.

സി.പി.ഐ.എം നേതൃത്വത്തിനെതിരെ അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച വിമർശനങ്ങളിലും എ. കെ. ബാലൻ പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ മാത്രമാണ് പിണറായി വിജയൻ കരഞ്ഞിട്ടുള്ളത്. സ്വന്തം കുടുംബത്തേക്കാൾ അപ്പുറമുള്ള വലിയൊരു ബന്ധമാണ് ആ നേതാക്കൾ തമ്മിൽ ഉണ്ടായിരുന്നതെന്നും എ. കെ. ബാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *