സഞ്ജയ് പൂരണ്‍ സിംഗ് ചൗഹാൻ സംവിധാനം ചെയ്യുന്ന 72 ഹൂറാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം ഡൽഹി ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാല യില്‍ നടന്ന ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് കാമ്പസിലെ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായി.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ ’72 ഹൂറാന്‍’ പ്രദര്‍ശിപ്പിച്ചതിനെതിരേ രംഗത്തെത്തി. സര്‍വകലാശാലയുടെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കേണ്ട തുക ആര്‍ആര്‍എസ്.എസ് പിന്തുണയോടെയുള്ള പരിപാടികള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത് ശരിയല്ലെന്നും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

അതേ സമയം, ചിത്രം ഒരു മതവിഭാഗത്തിനെയും മോശമായി ചിത്രീകരിക്കുന്നില്ലെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെയാണെന്നും നിര്‍മാതാവ് അനില്‍ പാണ്ഡെയുടെ വിശദീകരണം. ചിത്രത്തിന് ഇതുവരെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

സൂദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറിയ്ക്ക് ശേഷം മറ്റൊരു പ്രൊപ്പഗണ്ട സിനിമയുമായി വലതുപക്ഷം ജനങ്ങളിലേക്കെത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാന ആരോപണം. ഈ വര്‍ഷം രാജ്യത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് ദ കേരള സ്റ്റോറി. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ മതംമാറി തീവ്രവാദ പ്രവര്‍ത്തനങ്ങളിലെക്കെത്തുന്നതായിരുന്നു സിനിമയുടെ പ്രമേയം. ചിത്രത്തിനെതിരേ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ ശര്‍മ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം നിര്‍മിച്ചത് വിപുല്‍ ഷാ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *