പാറശാലയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്നുവയസുകാരി മരിച്ചു. ദേശീയപാതയില്‍ പാറശാല കാരാളിയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമിതവേഗത്തിലായിരുന്ന ടിപ്പര്‍ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി ടിപ്പര്‍ മറിയുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.