വയനാട്: മുണ്ടക്കൈയില്‍ തിരച്ചില്‍ ഏഴാം നാളും തുടരുന്നു. തിരിച്ചറിയാത്ത മുഴുവന്‍ മൃതദേഹങ്ങളും ഇന്ന് സംസ്‌കരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ വ്യക്തമാക്കി. 31 മൃതദേഹങ്ങളും 150 ശരീരഭാഗങ്ങളുമാണ് പുത്തുമലയില്‍ സംസ്‌കരിക്കുക. വൈകുന്നേരം മൂന്ന് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരിച്ചറിയാത്ത എട്ട് പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം പുത്തുമലയില്‍ സംസ്‌കരിച്ചിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയപ്പെട്ടവര്‍ക്ക് വിട ചൊല്ലാനെത്തിയത്.
ഉരുള്‍പൊട്ടലില്‍ ഇതുവരെ 404 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. 222 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതില്‍ 38 പേര്‍ കുട്ടികളാണ്. 220 മൃതദേഹങ്ങളും 183 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.
കാണാതായവര്‍ക്കായി അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്.