തിരുവനന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ നടന്‍ നിവിന്‍ പോളി ഡി.ജി.പിക്ക് പരാതി നല്‍കി. വ്യാജ ആരോപണമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കേസില്‍ തന്റെ പരാതി കൂടി പരിഗണിക്കണമെന്നുമാണ് ആവശ്യം. നേരത്തെ, യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തിരുന്നു.
വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. നിവിന്‍ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. നിവിന്‍ പോളിയടക്കം ആറ് പേരാണ് പ്രതികള്‍. കേസിലെ പൊലീസ് നടപടി അറിഞ്ഞതിന് ശേഷമാകും മുന്‍കൂര്‍ ജാമ്യം തേടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് നടന്‍ നീങ്ങുക.
കേസില്‍ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളില്‍ പ്രതികരിച്ച് നിവിന്‍ പോളി ഇന്നലെ വാര്‍ത്തസമ്മേളനം വിളിച്ചിരുന്നു.