കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ദില്ലി സർവകലാശാലയിലെ കോളേജുകൾ പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ പട്ടികയിൽ കേരള ഹയർ സെക്കന്‍ഡറി ബോർഡില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവേശനം തടയുന്നത്. ഇതോടെ നിരവധി വിദ്യാർത്ഥികളാണ് പ്രവേശനം കിട്ടാതെ മടങ്ങുന്നത്. രാജ്യത്തെ മികച്ച സർവകലാശാലകളിലൊന്നിൽ നിന്ന് പഠിച്ചിറങ്ങാമെന്ന വിദ്യാർത്ഥികളുടെ മോഹത്തിനാണ് ഒരു വാക്ക് മാറിപ്പോയതിന്‍റെ ചെറിയ സാങ്കേതിക പിഴവ് മൂലം തിരിച്ചടി നേരിടേണ്ടിവരുന്നത്.കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതി മികച്ച മാർക്കു നേടിയ വിദ്യാർഥികളാണ് ദില്ലി സര്‍വകാലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ പ്രവേശനം കിട്ടാതെ മടങ്ങുന്നത്. രാജ്യത്തെ സ്‌കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്‌സ് ഓഫ് സ്‌കൂൾ എജ്യുക്കേഷന്‍റെ വെബ്സൈറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി ‘എജ്യുക്കേഷൻ’ എന്നാണുള്ളത്. ദില്ലി സര്‍വകലാശാലക്ക് കീഴിലുള്ള ചില കോളേജുകളിലാണ് പ്രവേശനം നിഷേധിക്കപ്പെടുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.എന്നാൽ പ്ലസ് ടു സർട്ടിഫിക്കറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി ‘എക്സാമിനേഷൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പേരിലെ ഈ വ്യത്യാസമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പ്രവേശനം നിഷേധിക്കുന്ന കോളേജുകൾ.സർവകലാശാലയെ കാര്യങ്ങൾ ധരിപ്പിച്ച് കേരള സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കത്ത് കിട്ടിയാൽ പ്രവേശനം നൽകുമെന്നാണ് കോളേജധികൃതർ പറയുന്നത്. ഡൽഹി സർവകലാശാലയിലെ മലയാളി കൂട്ടായ്മയായ മൈത്രി ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കത്തയക്കുകയും വിദ്യാഭ്യാസമന്ത്രിയെ ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തെങ്കിലും തുടര്‍ നടപടിയായിട്ടില്ല.മൂന്നാം ഘട്ട അലോട്മെന്‍റായിട്ടും ആദ്യഘട്ടത്തിൽ പേര് വന്നവർക്ക് പോലും പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്കയിലാണ് വിദ്യാർഥികൾ. ദില്ലി സർവകലാശാലയുമായി ഇക്കാര്യത്തിൽ ചർച്ച നടത്താൻ ഇനിയും സംസ്ഥാന സർക്കാർ നടപടിയെടുത്തിട്ടില്ല. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ നിരവധി മലയാളി വിദ്യാർത്ഥികൾ ഇനിയും സർവകലാശാലയുടെ പടിക്കുപുറത്താകും.

Leave a Reply

Your email address will not be published. Required fields are marked *