രാജ്യത്തെ മതതീവ്രവാദത്തിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വീടിന് മുന്നില്‍ വെടിവച്ച് കൊന്നിട്ട് ഇന്നേക്ക് ഏഴാണ്ട്. വിചാരണ ഇഴഞ്ഞ് നീങ്ങുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാന്‍ തത്വത്തില്‍ ഉത്തരവിറങ്ങിയിട്ടും സര്‍ക്കാര്‍ ഇനിയും ഒരു ജഡ്ജിയെ നിയമിച്ചിട്ടില്ല. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതി ആണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും, പ്രതികള്‍ ഓരോരുത്തരായി ജാമ്യത്തില്‍ ഇറങ്ങുന്നത് കേസ് അട്ടിമറിക്കപ്പെടുന്നതിന് കാരണമാകുമെന്നും ഗൗരിയുടെ സഹോദരി കവിത ലങ്കേഷ് പറഞ്ഞു.2017 സെപ്റ്റംബര്‍ 13 -നായിരുന്നു ഗൗരി ലങ്കേഷ് പത്രികെയുടെ അവസാന പതിപ്പ് ഇറങ്ങിയത്. ഗൗരി ലങ്കേഷ് എന്നും എഴുതിയിരുന്നത് വ്യാജവാര്‍ത്തകളെക്കുറിച്ചായിരുന്നു. അവസാന എഡിറ്റോറിയലിലും ഗൗരി എഴുതിയത് ബിജെപി നേതാക്കള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു. തീവ്രവലതുപക്ഷ നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെ ഗൗരി നിരന്തരം തുറന്ന് കാണിച്ചു. ഇതിന്‍റെ പ്രതികാരം 7.65 എംഎം പിസ്റ്റളിന്‍റെ രൂപത്തില്‍ മുന്നിലെത്തുമെന്ന് ഗൗരി കരുതിയിരുന്നില്ല. കാരണം, ഇന്ത്യന്‍ ജനധിപത്യം ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിലായിരുന്നു ഗൗരിയുടെ വിശ്വാസമത്രയും.കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ട് ആറ് വര്‍ഷം പിന്നിട്ടു. 2022 -ല്‍ കൊവിഡ് കാലത്ത്, കേസിലെ പ്രതികള്‍ പല കോടതികളില്‍ നിന്നായി ജാമ്യം വാങ്ങി പുറത്തിറങ്ങി. 530 സാക്ഷികളായിരുന്നു കേസിനുണ്ടായിരുന്നത്. അതില്‍ 130 പേരെ മാത്രമേ കോടതി ഇതുവരെ വിസ്തരിച്ചിട്ടുള്ളൂ. ആയിരത്തിലധികം തെളിവുകളുടെ രേഖകളും ഇനിയും പരിശോധിക്കാന്‍ കിടക്കുന്നു. അതേസമയം കേസിന്റെ വിചാരണയ്ക്ക് അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും കോടതികളിലും സര്‍ക്കാര്‍ കേന്ദ്രങ്ങളിലും കയറി ഇറങ്ങുകയാണ് ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷ്.

Leave a Reply

Your email address will not be published. Required fields are marked *