ദർഭംഗ ∙ പാക്കിസ്ഥാൻ ഭീകരർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ ആക്രമിക്കുകയെന്ന തെറ്റ് ആവർത്തിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്നായിരുന്നു അമിത് ഷായുടെ താക്കീത്. ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘പാക്കിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഭീകരർ ഇന്ത്യയെ അക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. അവർ തെറ്റ് ആവർത്തിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരും. ഭീകരർക്കെതിരെ പ്രയോഗിക്കേണ്ട പീരങ്കികൾ ബിഹാറിൽ തന്നെ നിർമിക്കും,” അമിത് ഷാ പറഞ്ഞു.

‘പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽ നിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു. കോൺഗ്രസ് ഭരണത്തിൽ നിന്ന് വ്യത്യസ്‌തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബിഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയും’ – അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *