കാലിക്കറ്റ് സർവകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവകലാശാല പ്രതിനിധിയ്ക്ക് പിന്മാറാൻ ആകില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഒഴിവാക്കണമെന്ന ഡോ. എ സാബുവിൻ്റെ ആവശ്യം തള്ളി. സർവകലാശാല സെനറ്റ് ആണ് പട്ടിക നൽകിയത്. ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണം എന്നും രാജ്ഭവൻ്റെ മറുപടി. ഇ-മെയിൽ വഴിയാണ് ഡോ. എ സാബുവിന് രാജ്ഭവൻ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം രാജ്ഭവൻ സ്വന്തം നിലയിൽ വി സി നിയമന അപേക്ഷയും ക്ഷണിച്ചിരുന്നു. ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ നിർ​ദേശം. പത്ത് വർഷം പ്രൊഫസർ പോസ്റ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ രണ്ട് വർഷമായി കാലിക്കറ്റ് സർവകലാശാലയിൽ വിസിയില്ല.

കഴിഞ്ഞ 31-ാം തീയതിയാണ് ഗവർണർ സെർച്ച് കമ്മിറ്റിയെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നത്. എന്നാൽ ‌ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റി പ്രതിനിധി സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ എ സാബു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ​ഗവർണർക്ക് കത്ത് അയച്ചിരുന്നു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചുരുക്കപ്പട്ടിക നൽകിയിരുന്നു. എന്നാൽ നിയമനം ഇപ്പോൾ നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഗവർണർ എത്തിയിരുന്നു. സംസ്ഥാനത്തെ 13 സർവകലാശാലകളിലും ഇപ്പോൾ സ്ഥിരം വിസിയില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *