പ്രമുഖ വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബിസിനസ് സർക്കിളിൽ ‘ജിപി’ എന്നറിയപ്പെട്ടിരുന്ന ഗോപിചന്ദ് ഹിന്ദുജ 1950 കളിലാണ് കുടുംബ ബിസിനസിലേക്ക് വരുന്നത്. 2023 മെയിൽ മൂത്ത സഹോദരന്‍ ശ്രീകാന്ത് ഹിന്ദുജ അന്തരിച്ചതിനെത്തുടര്‍ന്നാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനം ഗോപിചന്ദ് ഏറ്റെടുത്തത്.
ഒരു ഇന്തോ-മിഡിൽ ഈസ്റ്റ് കമ്പനിയിൽ നിന്നും ആഗോള തലത്തിൽ ഓപ്പറേഷനുകളുള്ള കോർപറേറ്റ് കൂട്ടായ്മയായി ഗ്രൂപ്പിനെ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് ഗോപിചന്ദ് ഹിന്ദുജ. നിലവിൽ 35 ബില്യൺ യൂറോ ആസ്തിയുള്ള കമ്പനിയാണ് ഹിന്ദുജ ഗ്രൂപ്പ്.
ബാങ്കിംഗ്, ഫിനാൻസ്, പവർ, ഐടി, ഹെൽത്ത് കെയർ, ഓട്ടോമോട്ടീവ്, റിയൽ എസ്റ്റേറ്റ്, മീഡിയ, എന്റർടൈൻമെന്റ് എന്നിവയുൾപ്പെടെ പതിനൊന്ന് മേഖലകളിലായി പരന്നു കിടക്കുന്നതാണ് ഹിന്ദുജ ഗ്രൂപ്പിന്‍റെ ബിസിനസ് സാമ്രാജ്യം. അശോക് ലെയ്‌ലാൻഡ്, ഇൻഡസ് ഇൻഡ് ബാങ്ക്, എൻ എക്‌സ് ടി ഡിജിറ്റൽ ലിമിറ്റഡ് പോലെയുള്ള പ്രശസ്ത ബ്രാൻഡുകൾ ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ളതാണ്. സൺഡേ ടൈംസ് റിച്ച് ലിസ്റ്റിന്‍റെ 2025 റിപ്പോർട്ട് അനുസരിച്ച് യുകെയിലെ ഏറ്റവും സമ്പന്നരായ ബിസിനസ് കുടുംബമാണ് ഹിന്ദുജ ഗ്രൂപ്പ്. പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് ഗോപിചന്ദിന്‍റെ മറ്റ് രണ്ട് സഹോദരന്മാര്‍
