‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ.നെഗറ്റീവ് റിവ്യൂ എഴുതുന്നവർക്ക് നന്ദിയുണ്ടെന്നും കുറേ കുശുമ്പും പുച്ഛവുമാണ് അതിലധികവുമെന്നും അൽഫോൻസ് പറയുന്നു. മനപ്പൂർവ്വം ആരേയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചില്ല. ഗോൾഡ് ആണ് താൻ എടുത്തതെന്നും മുൻ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളല്ലെന്നും പറയുന്ന അൽഫോൺസ് മുൻപ് ഗോൾഡ് എടുത്ത് പരിചയമില്ലെന്നും ഇത് ആദ്യമായാണെന്നും പ്രതികരിച്ചു. അൽഫോൺസ് പുത്രന്റെ ആദ്യ രണ്ട് ചിത്രങ്ങളായ ‘നേര’വും ‘പ്രേമ’വും പോലെ തന്നെയുണ്ട് മൂന്നാം ചിത്രമായ ഗൊൾഡ് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം.

അൽഫോൻസ് പുത്രന്റെ വാക്കുകൾ:

ഗോൾഡിനെ കുറിച്ചുള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാവരും കാണണം. കുറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെക്കുറിച്ചും എന്റെ സിനിമയെ കുറിച്ചും കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്.

ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ, കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു. എന്ന് പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല്‍ വയ്ക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞാൽ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്…ഗോൾഡ് എന്നാണ്. ഞാനും ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.

NOTE : ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത്. കാരണം…ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ്.

എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ.

Leave a Reply

Your email address will not be published. Required fields are marked *