ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് എതിരെയുള്ള വിവാദ ട്വീറ്റില്‍ നടന്‍ സിദ്ധാര്‍ത്ഥ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചെന്നൈ പൊലീസിന് മൊഴി നല്‍കി. സൈന നേഹ്‌വാളിന് എതിരായ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് ഖേദമറിയിച്ചാണ് താരം മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

വനിത കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം ചെന്നൈ പൊലീസ് നടന് സമന്‍സ് അയച്ചിരുന്നു. അതിന് പിന്നാലെയാണ് നടന്‍ പൊലീസില്‍ ഹാജരായി മൊഴി നല്‍കിയത്. മൊഴി ദേശീയ വനിതാ കമ്മീഷന് അയച്ചുവെന്നും പൊലീസ് അറിയിച്ചു.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. സാധ്യമായ ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരായ ഭീരുവായ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. അരാജകവാദികള്‍. എന്ന് പ്രധാന മന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് കൊണ്ട് സൈന ചെയ്ത ട്വീറ്റിനാണ് സി ദ്ധാര്‍ത്ഥ് വിവാദ പരാമര്‍ശം നടത്തിയത്.

‘സബ്ടില്‍ കോക്ക് ചാമ്പ്യന്‍ ഓഫ് ദി വേള്‍ഡ്. ദൈവത്തിന് നന്ദി ഞങ്ങള്‍ക്ക് ഇന്ത്യയുടെ സംരക്ഷകരുണ്ട്. ലജ്ജിക്കുന്നു റിഹാന’, എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ മറുപടി.

ട്വീറ്റിന് പിന്നാലെ നടനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. സിദ്ധാര്‍ത്ഥിന്റെ ട്വീറ്റില്‍ ലൈംഗിക ചുവയുണ്ടെന്ന് ചൂണ്ടിക്കാട്ടി വനിത കമ്മീഷനും രംഗത്തെത്തി. നടന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു. പിന്നീട് സംഭവത്തില്‍ ക്ഷമാപണവുമായി സിദ്ധാര്‍ത്ഥ് എത്തി. ഒരു തരത്തിലുമുള്ള ദുരുദ്ദേശത്തോടെയല്ല പരാമര്‍ശം നടത്തിയതെന്നും ഒരു തമാശയായി മാത്രമെ കരുതിയുള്ളൂവെന്നുമാണ് സിദ്ധാര്‍ത്ഥ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *