പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കാന്തപുരം അബൂബക്കർ മുസ്‌ലിയാർ അനുശോചനം രേഖപ്പെടുത്തി. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കാന്തപുരം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാന്യരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട് തങ്ങളുമായി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ (SSF) സ്ഥാപക പ്രസിഡന്റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്. രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു.

സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്റെയും സമുദായത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *