പത്തനംതിട്ട: അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു.തെങ്ങമം മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. അടുത്തുള്ള വീട്ടിലുകാർ വെട്ടിക്കളഞ്ഞ അരളി തീറ്റയ്ക്കൊപ്പം അബദ്ധത്തിൽ നൽകിയതാണ് മരണകാരണം. പശുവിന് ദഹനക്കേടാണെന്ന് കരുതി പങ്കജവല്ലിയമ്മ അടുത്തുള്ള മൃഗാശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങിയിരുന്നു.
എന്നാൽ മരുന്നുമായി വീട്ടിലെത്തിയപ്പോൾ അവർ കണ്ടത് ചത്ത കിടാവിനെയായിരുന്നു. അടുത്ത ദിവസം പശുവും ചത്തിരുന്നു. സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവയ്പ്പും എടുത്തിരുന്നു. കുത്തിവയ്പ്പെടുക്കാൻ സബ് സെന്ററിൽ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വീടിന് സമീപത്ത് അരളിച്ചെടി കണ്ടിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. തുടർന്ന് പള്ളിപ്പുറം പഞ്ചായത്തിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരാണ് പശുവിനെ പോസ്റ്റ്മോർട്ടം ചെയ്ത് മരണ കാരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ അരളിയുടെ വിഷം ഉള്ളിൽച്ചെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചിരുന്നു. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ട് ചവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വന ഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ കേരളത്തിലെ ക്ഷേത്രങ്ങളിൽ നിവേദ്യം-പ്രാസാദ പൂജകൾക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത്’ വ്യാപകമായി നിരോധിച്ചിരിക്കുകയാണ്. പൂവിന് ഔദ്യോഗിക വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുളള ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നിവേദ്യപൂജകൾക്ക് ഉപയോഗിക്കുന്നില്ലെന്ന് പ്രസിഡൻ്റ് പി എസ് പ്രശാന്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.