തൃശൂര്‍: തൃശൂര്‍ പൂരത്തിനു തുടക്കം. വടക്കുംനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്‍പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.
പുലര്‍ച്ചെ ഒരാനപ്പുറത്ത് നാഗസ്വരത്തിന്റെ അകമ്പടിയില്‍ പുറപ്പെടുന്ന ശാസ്താവ് ചെട്ടിയങ്ങാടിയിലെ കുളശ്ശേരി ക്ഷേത്രത്തില്‍ ഇറങ്ങി വിശ്രമിക്കും. തുടര്‍ന്ന് ഏഴരയോടെ വടക്കുംനാഥന്റെ തെക്കേഗോപുരം കടന്ന് ക്ഷേത്രത്തില്‍ പ്രവേശിക്കും. പടിഞ്ഞാറെ നടവഴി പുറത്തുകടന്ന് നിലപാടുതറയില്‍ ഒമ്പതാനകളോടെ നിരന്ന് മേളം കൊട്ടിക്കലാശിച്ചു മടങ്ങും.
ദേവഗുരുവായതിനാല്‍ വടക്കുംനാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത മൂര്‍ത്തിയാണ് കണിമംഗലം ശാസ്താവ്. ശാസ്താവ് വൃദ്ധനാണെന്നും വെയിലേറ്റാല്‍ തലവേദന വരുമെന്നുമുള്ള സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് സൂര്യനുദിക്കും മുമ്പേ പൂരം നടത്തി മടങ്ങുന്നത്.