കൊച്ചി: ലക്ഷദ്വീപില്‍ നിന്നുള്ള പ്രമുഖ സിനിമ സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി. ആന്ത്രോത്ത്, കല്‍പേനി, അഗത്തി എന്നീ ദ്വീപുകളില്‍ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഇരുവരും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. നിലവില്‍ ദില്ലിയില്‍ ഡെപ്യൂട്ടി കലക്ടറാണ് ഹര്‍ഷിത് സൈനി. ദില്ലിയില്‍ വച്ച് ജൂണ്‍ 20നായിരുന്നു രജിസ്റ്റര്‍ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബറില്‍ ദില്ലിയിലും ലക്ഷദ്വീപിലും കൊച്ചിയിലുമായി വിവാഹച്ചടങ്ങ് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഐഷ സുല്‍ത്താന ഡല്‍ഹിയിലാണ്.
വാട്‌സാപ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും ഐഷ സുല്‍ത്താനയുടെ വിവാഹവാര്‍ത്ത ശനിയാഴ്ച പ്രചരിച്ചിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുല്‍ത്താന, സാമൂഹിക വിഷയങ്ങളില്‍ തുറന്നു പ്രതികരിക്കുന്നതിലൂടെ ലക്ഷദ്വീപിലും പുറത്തും ശ്രദ്ധനേടിയ വ്യക്തിയാണ്. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകളുടെ സൈബര്‍ ആക്രമണത്തിന് ഐഷ സുല്‍ത്താന ഇരയായിരുന്നു.