തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയില്‍ മദ്യം എത്തിച്ചു വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്‌സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റര്‍ ചാരായം പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂര്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുപ്പേറിയ ഞാവല്‍ പഴം ഒരാള്‍ കൂടുതലായി വാങ്ങുന്നതായി ഒരു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് രമേശനെ എക്സൈസ് നിരീക്ഷിച്ച് തുടങ്ങിയത്. വീട് വാടകയ്ക്ക് എടുത്ത് ഞാവല്‍ പഴം ഉപയോഗിച്ച് രമേശന്‍ വാറ്റുകയായിരുന്നു. ഓട്ടോറിക്ഷയില്‍ സാധനം വേണ്ടവര്‍ക്ക് സ്ഥലത്ത് എത്തിച്ച് കൊടുത്താണ് മദ്യ വില്പന നടത്തിയിരുന്നത്. ഒരു ലിറ്ററിന് ആയിരം രൂപ വെച്ചാണ് രമേശ് മേടിച്ചിരുന്നത്. ഞാവല്‍ പഴമയതുകൊണ്ട് സ്വാദ് വ്യത്യസ്തമാണെന്നാണ് എക്‌സൈസ് പറയുന്നത്. ഇതിനാല്‍ ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നുവെന്ന് എക്‌സൈസ് വ്യക്തമാക്കി.