തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന വിവിധ നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ അപാകതകൾ കണ്ടെത്തിയതിനെത്തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് ഭീമമായ തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിയമസഭയിലെ പ്രധാന ഹാളായ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ അടിയന്തരമായി ഒഴിവാക്കാനും, ഈ ചുമതലകൾ ഇനി മുതൽ പൊതുമരാമത്ത് വകുപ്പിന് കൈമാറാനും സ്പീക്കർ നിർദ്ദേശം നൽകി.
കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കൽ സൊസൈറ്റിക്ക് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊതുപണം ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഇത്തരം അവിശുദ്ധ കരാറുകൾക്കെതിരെ നിയമസഭാ നാഥൻ എന്ന നിലയിൽ സ്പീക്കർ നടത്തിയ ഈ ശക്തമായ ഇടപെടൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ കരാറുകളിലെ അഴിമതിയെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് സൂചന.
