മനു വാര്യര്‍ ആദ്യമായിട്ട് മലയാളത്തിൽ സംവിധാനം ചെയ്തത് പൃഥ്വിരാജ് നിര്‍മിക്കുന്ന ചിത്രമാണ് കുരുതി. ചിത്രം ആഗസ്ത് 11 ഇന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം മുരളി ഗോപി, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നവാസ് വള്ളിക്കുന്നും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നവാസിന്‍റെ കഥാപാത്രത്തെ കുറിച്ച് കുരുതിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ പൃഥ്വിരാജ് സംസാരിക്കുകയുണ്ടായി. പൃഥ്വിയുടെ വാക്കുകള്‍ സന്തോഷമുണ്ടാക്കിയെന്നും വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

നവാസ് വള്ളിക്കുന്നിന്‍റെ കുറിപ്പ്

‘കുരുതി’ എന്ന വ്യത്യസ്തമായൊരു സിനിമ നിർമ്മിക്കാൻ പൃഥ്വിരാജ് എന്ന പ്രിയ താരം തീരുമാനിച്ചപ്പോൾ അതിലെനിക്കായൊരു കഥാപാത്രം മാറ്റി വെക്കുക, അതും അദ്ദേഹത്തോടൊന്നിച്ച്. അതിനെ ചെറിയൊരു ഭാഗ്യമായല്ല മഹാ ഭാഗ്യമായി തന്നെ ഞാൻ കരുതുന്നു… ആ വലിയ നടന്‍റെ തന്നെ വാക്കുകൾ കടമെടുത്താൽ ‘ഞാനെന്ന കലാകാരൻ ഇതുവരെ എന്തായിരുന്നോ അതിന്‍റെ തീർത്തും വിപരീതമായ ഒരു കഥാപാത്രം..’ സ്വപ്നമാണോ എന്ന് പോലും ആദ്യം തോന്നിയിരുന്നു.

എന്‍റെ പേര് കേട്ടിട്ടുള്ള പരിചയം പോലും ആ ഓർമയിൽ ഉണ്ടായിരുന്നോ അത്രമേൽ എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു വേഷം എനിക്കു നൽകാൻ…സിനിമ റിലീസ് ചെയാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെ എന്നെക്കുറിച്ച് പേരെടുത്ത് പറയാൻ ഒരു സന്ദർഭം അദ്ദേഹം വിനിയോഗിച്ചുവെങ്കിൽ അതിനെ ഞാനൊരു വലിയ അംഗീകാരമായി തന്നെ കരുതി ഈ ഹൃദയത്തിൽ സൂക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *