ഒരു വലിയ ദുരന്തത്തിന്റെ ആഘാതത്തിൽ പകച്ചു നിൽക്കുകയും അതിൽ നിന്നും അതിജീവിക്കാനും ശ്രമിക്കുകയാണ് കേരളം. അതുപോലെ അനേകം ജീവിതങ്ങളെ തുടച്ചെറിഞ്ഞ മറ്റൊരു ദുരന്തത്തിന്റെ നാലാം വർഷം കൂടിയാണിന്ന്. പെട്ടിമുടി ദുരന്തം. ഇതിന് മുമ്പ് കേരളത്തെ നടുക്കിക്കളഞ്ഞ ഉരുൾപൊട്ടലിന്റെ ഓർമ്മപ്പെടുത്തൽ ദിനം. അനേകം ജീവനുകൾ പൊലിഞ്ഞുപോയ ആ ഉരുൾപൊട്ടലുണ്ടായത് 2020 ആഗസ്ത് ആറിനാണ്. ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ നടന്ന ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടത് 70 പേർക്ക് എന്ന് കണക്കുകൾ. നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനേ കഴിഞ്ഞില്ല. രാത്രി പത്തരയോടെയായിരുന്നു ദുരന്തമുണ്ടായത്. പശ്ചാത്തലമായത് ആർത്തലച്ചു പെയ്ത മഴ. ഉരുൾ വന്ന വഴിയെല്ലാം തുടച്ചെറിഞ്ഞത് തേയിലത്തോട്ടത്തിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ്. നാല് ലയങ്ങളും തുടച്ചു മാറ്റപ്പെട്ടു. തൊഴിലാളികളും കുടുംബങ്ങളും പലരും മരിക്കുകയോ അനാഥരാവുകയോ ചെയ്തു. രാത്രി ദുരന്തം നടക്കുമ്പോഴും പലർക്കും എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലായിട്ടില്ലായിരുന്നു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിൽ പുതഞ്ഞുനിന്ന് പലരും നിലവിളിച്ചു. പക്ഷേ, ആരും കേൾക്കാനുണ്ടായിരുന്നില്ല. പുറംലോകം വിവരമറിഞ്ഞത് പിറ്റേന്ന് പുലർച്ചെ. രാജമലയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടന്നെത്തിയവരാണ് അന്ന് ഈ ദുരന്തത്തിന്റെ വിവരം പുറംലോകത്തെ അറിയിച്ചത്. രക്ഷാപ്രവർത്തനം അതീവദുഷ്കരമായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാവാത്ത വിധം വഴി ദുഷ്കരമായ അവസ്ഥയിലായതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ജീവനോടെ രക്ഷിക്കാനായത് 12 പേരെയാണ്. പിന്നീട്, സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കുകയും ശേഷിച്ചവരെ പുനരധിവസിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട, ഒറ്റരാത്രി കൊണ്ട് സകലതും ഇല്ലാതായിപ്പോയവരാണ് ഇവിടെയുണ്ടായിരുന്ന ജനത. ജീവനോടെ ബാക്കിയായവർ ഇന്നും അതിജീവനത്തിന്റെ പാതയിൽ പോലും എത്തുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *